കൊച്ചി : അനാഥ യുവതികളെ ജീവിത പങ്കാളികളാക്കുന്ന ചെറുപ്പക്കാർ. ചിലരെങ്കിലുമുണ്ട് കേരളത്തിൽ. എന്നാൽ അനാഥനല്ലെങ്കിലും തെരുവിലെ അനാഥ ബാല്യങ്ങൾക്ക് താങ്ങും തണലും ഏകുന്ന ജീവിതം. അതിനായി ഉഴിഞ്ഞു വെച്ച സ്വന്തം പേരിനൊപ്പം തെരുവിനെയും ചേർത്ത് വച്ച തമിഴിൽ പ്രാഥമിക വിദ്യാഭ്യസം മാത്രം പൂർത്തിയാക്കിയ തെരുവോരം മുരുകനെ വിവാഹം ചെയ്ത ഇന്ദുവിന്റെ കഥ സമാനതകളില്ലാത്തതാണ്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്ന ഒരു കുടുംബത്തിലെ അംഗമായ ഇന്ദു അന്യ സമുദായക്കാരനും ഓട്ടോ ഡ്രൈവറുമായ മുരുകന്റെ കൈ പിടിച്ചപ്പോൾ തകർന്നടിഞ്ഞത് ജീർണ്ണിച്ച കപട മൂല്യങ്ങളുടെ ചീട്ടു കൊട്ടാരമായിരുന്നു .പകരം വിടർന്നതാകട്ടെ മതേതര മാനവികതയുടെ മലർവാടിയും
ഇന്ദു കഥ പറയുകയാണ്
ഞാനിന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം ശ്രീബുദ്ധനും എന്റെ അച്ഛനുമാണ് . കാരണം ശ്രീ ബുദ്ധന്റെയും ശ്രീനാരായണ ഗുരു ദേവന്റെയും ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നു അച്ഛൻ. പക്ഷെ കുട്ടിക്കാലത്ത് ഈ ആദർശത്തിന്റെ കണികകളൊന്നും എന്നിൽ പ്രകടമായിരുന്നില്ലെങ്കിലും എവിടെയോ അത് ഉറങ്ങി കിടന്നിരുന്നുവെന്ന് തിരിച്ചറിഞ്ഞത് കോളജ് കാലഘട്ടത്തിലായിരുന്നു. പള്ളുരുത്തി സ്വദേശിയായ എന്റെ സ്കൂൾ കാലഘട്ടവും അവിടെത്തന്നെ ആയിരുന്നു. ബിരുദം ഒന്നാം വർഷം കൊച്ചിൻ കോളേജിൽ പഠിക്കുമ്പോഴാണ് തെരുവോരത്തെ മുരുകനെ ആദ്യമായി കാണുന്നത്.
തെരുവോരം മുരുകന്റെ ഇന്ദു
എൻ എസ് എസിന്റെ ഒരു പരിപാടിക്ക് കളക്ഷന് വേണ്ടി ഇറങ്ങിയതാണ്. അന്ന് ചൈൽഡ് ലൈനിൽ വർക്ക് ചെയ്യുന്നുണ്ട്. തുണികളുടെ ശേഖരം കൊണ്ട് പോകാനായി കോളേജിൽ എത്തിയതായിരുന്നു. നേരിട്ട് സംസാരിച്ചപ്പോൾ മുരുകൻ ചേട്ടനും പള്ളുരുത്തിയിലാണെന്നും അവിടെയുള്ള സ്നേഹ ഭവനിലാണ് പഠിച്ചതെന്നും പറഞ്ഞു. എന്നാൽ ഒരിക്കൽ ;പോലും ഞങ്ങൾ അവിടെ വച്ച് കണ്ടിരുന്നില്ല.ഞാനും ആ നാട്ടുകാരിയാണെന്നറിഞ്ഞപ്പോൾ ചേട്ടന് സന്തോഷമായി. ഇനി കോളേജിലേക്ക് വരണ്ടല്ലോ തുണികൾ സ്നേഹഭവനിൽ എത്തിച്ചു തന്നാൽ മതിയെന്ന് പറഞ്ഞു. ഞാനും സമ്മതിച്ചു.
പിന്നീടൊരുനാൾ സ്നേഹ ഭവന്റെ മുമ്പിൽ കാത്തു നിൽക്കുമ്പോൾ ഒരു കുഞ്ഞിനെയുമെടുത്ത് കൊണ്ട് വരുന്ന ചേട്ടനെയാണ് ഞാൻ കാണുന്നത്. സ്നേഹ ഭാവനത്തിലാക്കാൻ കൊണ്ടു വന്നതായിരുന്നു ആ കുഞ്ഞിനെ .ആ കാഴ്ച എന്നെ വല്ലാതെ ത്രസിപ്പിച്ചു.
അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ഓഫീസ് സൂപ്രണ്ടായ ടി.ജി. രമേഷിന്റെയും അദ്ധ്യാപികയായ സിന്ധുവിന്റെയും ഒറ്റ മകളായി കോളേജ് കുമാരിയായി അടിച്ച് പൊളിച്ച് ജീവിക്കുന്ന എന്റെ ചിന്തകൾ വഴിമാറി തുടങ്ങി. ചേട്ടനോട് ഒരുപാട് ആദരവും ആരാധനയും തോന്നി. അന്ന് മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി. മലയാളം അത്ര വശമില്ലാത്ത ചേട്ടന് പലപ്പോഴും ഞാൻ സഹായിയായി. പിന്നീട് സ്ഥിരമായി ഏറ്റെടുത്തു. ചേട്ടന് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു. ഒരു ദിവസം എന്നോട് പറഞ്ഞു ഞാൻ പോവുകയാണ് (എൻ.ജി.ഒ ) താല്പര്യമുണ്ടെങ്കിൽ എന്നോടൊപ്പം ചേരാമെന്ന് . ഞാനും സമ്മതം അറിയിച്ചു.
അച്ചു ഉമ്മന്റെ സഹായഹസ്തം
ഇതിനിടയിൽ രണ്ടു വര്ഷം പൂർത്തിയായിരുന്നു ഞാൻ . ബികോം പൂർത്തിയാക്കി. എംബിഎയ്ക്ക് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛനും അമ്മയ്ക്കും കൊച്ചി വിട്ട് പഠിക്കാൻ പോകുന്നതിനോട് യോജിപ്പില്ല.എനിക്ക് പ്രവേശനം ലഭിച്ചത് ദൂര സ്ഥലത്തായിരുന്നു. അവസാനം അങ്കമാലി ഫിസാറ്റിൽ പരീക്ഷയെഴുതി. കിട്ടാൻ ഒരു സാധ്യതയുമില്ല. എന്റെ വിഷമം ചേട്ടനോട് പങ്കു വച്ചപ്പോൾ ഒരു സുഹൃത്തിനോട് പറയാം നിനക്ക് തീർച്ചയായും പ്രവേശനം ലഭിക്കുമെന്ന് പറഞ്ഞു.
പക്ഷെ ആര്..,
എന്ത്...
എങ്ങനെ..
ചെട്ടനൊന്നും എന്നെ അറിയിച്ചില്ല. പ്രവേശനം ലഭിച്ച വിവരം ഞാൻ ചേട്ടനെ അറിയിച്ചപ്പോൾ ചേട്ടൻ എന്നോട് പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനോട് നിന്റെ കാര്യം പറഞ്ഞിരുന്നു. മുഖ്യമന്ത്രി വഴിയാണ് നിനക്ക് സീറ്റ് ലഭിച്ചതെന്ന്. ഞാൻ ഞെട്ടിപ്പോയി. എന്നാൽ ഇതൊന്നും വീട്ടുകാരെ അറിയിച്ചില്ല.
എംബിഎ ക്ക് ഫിനാൻസ് എടുത്തു. പഠനം പൂർത്തിയായതും വീട്ടുകാർ വിവാഹമാലോചിച്ച് തുടങ്ങി. അപ്പോഴാണ് സത്യത്തിൽ ചേട്ടനെ ഞാൻ എത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. പരസ്പരം പറയാതെ തന്നെ പ്രണയിക്കുകയായിരുന്നു. എങ്കിലും ഞാൻ തുറന്ന് പറഞ്ഞു. നമ്മൾ തമ്മിലുള്ള വിവാഹം ഒരിയ്ക്കലും നടക്കാൻ സാധ്യതയില്ല. മകളെക്കുറിച്ച് വലിയ സ്വപ്നം കാണുന്ന അച്ഛനും അമ്മയും ഒരു ഓട്ടോ മാത്രം സ്വന്തമായുള്ള അതും പകുതി സമയം ഓട്ടം പോകാതെ തെരുവ് മക്കൾക്കായി മാത്രം ജീവിക്കുന്ന ചേട്ടന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. എന്റെ വാക്കുകൾ കേട്ട് ചേട്ടന്റെ മുഖത്തെ സങ്കടം വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും ഞാൻ അശക്തയായിരുന്നു.
ജീവിച്ചു കാണിക്കാനുറച്ചു തന്നെ
ആളാരാണെന്ന് പറയാതെ എനിക്കൊരു പ്രണയമുണ്ടെന്ന് അമ്മയോട് സൂചിപ്പിച്ചപ്പോൾ അതൊക്കെ പ്രായത്തിന്റെ കുഴപ്പമാണ് കാര്യമാക്കേണ്ടെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. എന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞെന്നു തന്നെ കരുതി. ഉണ്ണാനും ഉറങ്ങാനും കഴിയാത്ത അവസ്ഥ. മനസ്സ് കൈവിട്ട് പോകുന്നതു പോലെ. എനിക്ക് മാറ്റം വരാനായി അച്ഛനും അമ്മയും എന്നെയും കൊണ്ട് പഴനിയിലേക്കു പോയി. പഴനിമല മുരുകനോട് ഞാൻ അപേക്ഷിച്ചതും ഈ മുരുകനെ സ്വന്തമാക്കണമെന്നു മാത്രമായിരുന്നു. തൊഴുത് മലയിറങ്ങുമ്പോഴാണ് എനിക്ക് ചേട്ടന്റെ ഫോൺ വരുന്നത്.
എനിക്ക് എൻ.ജി.ഓ പ്രോജക്ട് ലഭിച്ചു.ഞാനിപ്പോൾ വെറുമൊരു ഓട്ടോക്കാരൻ മാത്രമല്ല വീട്ടിൽ വന്ന് കല്യാണം ആലോചിക്കട്ടെ?
വരുന്നത് വരട്ടെയെന്ന് ഓർത്ത് ഞാനും സമ്മതിച്ചു.
അമ്മയെയും കൂട്ടിയാണ് ചേട്ടൻ എത്തിയത്.
മുൻ കോപിയും ഗൗരവക്കാരനായ അച്ഛൻ എന്ത് പറയുമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നതിൽ. എന്റെ ഹൃദയമിടിപ്പ് പെരുമ്പറ കൊട്ടുന്നത് പോലെ എനിക്ക് തന്നെ കേൾക്കാം. ജീവച്ഛവമായി നിൽക്കുകയാണ്. എന്നാൽ കര്യങ്ങൾ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ ഈ വിവാഹം നടക്കട്ടേയെന്ന് ഒരു വരിയിൽ ഉത്തരം പറഞ്ഞു. മതതിനും ജാതിക്കുമപ്പുറം മനുഷ്യത്വത്തിന് വില നൽകുകയായിരുന്നു അച്ഛൻ.
എന്നാൽ ആദ്യം അമ്മയ്ക്കിത് അംഗീകരിക്കാൻ കഴിഞ്ഞില്ല. മകളുടെ ജീവിതം സുരക്ഷിതമായിരിക്കണമെന്ന ചിന്ത തന്നെ. അച്ഛന്റെ ആത്മവിശ്വാസത്തിനു മുമ്പിൽ 'അമ്മ മുട്ട് മടക്കി. കല്യാണം കഴിച്ചാൽ മാത്രം പോരാ ജീവിച്ചു കാണിക്കണമെന്ന് അമ്മപറഞ്ഞു.
2013 -ൽ എറണാകുളത്തപ്പന്റെ തിരുനടയിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അന്ന് വിഗാർഡിൽ ജോലിയുണ്ടായിരുന്നു. പുന്നീട് കൺസ്യൂമർ ഫെഡിന്റെ മാനേജ്മെന്റ് ട്രെയിനിയായി താൽക്കാലിക നിയമനം ലഭിച്ചു. ചേട്ടനെ സഹായിച്ച് ജോലിയും ജീവിതവുമായി ദിവസങ്ങൾ കടന്ന് പോയി. ഗർഭിണി ആയപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നു ആരെയും ആശ്രയിച്ചില്ല. ആശുപത്രിയിൽ പോക്ക് വരെ ഒറ്റയ്ക്ക് തന്നെ. പ്രസവ സമയത്തെങ്കിലും ആരെങ്കിലും കൂടെ വരുമോയെന്നു ചോദിച്ച് ഡോക്ടറും നഴ്സുമാരും കളി പറയുമായിരുന്നു. പ്രസവ സമയം അടുത്തപ്പോൾ ഒരോട്ടോ പിടിച്ച് ഒറ്റയ്ക്ക് തന്നെ ആശുപത്രിയിൽ എത്തി.അപ്പോൾ അമ്മയും അവിടെ വന്നു .ഞങ്ങൾക്ക് ആൺകുഞ്ഞു പിറന്നു.
വഴി തിരിച്ചു വിട്ട പ്രളയം
2018 -ലെ പ്രളയമാണ് ജീവിതം വീണ്ടും വഴി തിരിച്ചു വിട്ടത്. ആലപ്പുഴ ജില്ലയിലേക്ക് വളണ്ടിയറായിപ്പോയ ഞാൻ ഉൾഗ്രാമങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് ഞെട്ടിത്തരിച്ചു. അത് ഒരു തീരാ നോവായി എന്നിൽ ആഴ്ന്നിറങ്ങി. ഒരു ബിസ്ക്കറ്റ് പായ്ക്കറ്റ് പോലും വാങ്ങാൻ കഴിയാത്ത കുടുംബങ്ങൾ. ബിസ്ക്കറ്റിന്റെ രുചിയറിയാത്ത കുട്ടികൾ. കയറു പിരിയും കൃഷി പ്പണിയുമായും ദുരിതക്കയങ്ങളിൽ ജീവിക്കുന്നവർ. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. അവിടെയും എനിക്ക് പ്രചോദനം ബുദ്ധൻ തന്നെ. കരുമാടിക്കുട്ടന്റെ നാട്ടിലാണല്ലോ ചെന്ന് പെട്ടത്.
തെരുവോരം എൻജിഒക്ക് ഭരത് പെട്രോളിയം കോർപ്പറേഷൻ നൽകിയ കെട്ടിടത്തിൽ കോടം തുരുത്ത് പഞ്ചായത്തിൽ 2018 -ൽ തെരുവോരം വുമൺ എംപവർമെന്റിനു തുടക്കമിട്ടു. എട്ട് വനിതകളെയാണ് കൂടെ കൂട്ടിയത്. എട്ട് പേരും എട്ടു തരത്തിൽ ദുരിതം അനുഭവിക്കുന്നവർ. ഭർത്താവ് മരിച്ച് മക്കളെ പോറ്റാൻ പെടാ പാട് പെടുന്നവർ. കിടപ്പു രോഗിയായ ഭർത്താവ്, മദ്യപിച്ചു വന്ന് ഭാര്യയെ ക്രൂരമായി മർദ്ദിക്കുമ്പോൾ എതിർക്കാൻ കഴിയാതെ വേദന തിന്ന് ജീവിക്കുന്നവർ. കറി പോയിട്ട് കഞ്ഞി പോലും കുടിക്കാൻ ഗതിയില്ലാതെ വലയുന്ന കുടുംബമായിരുന്നു എട്ടു പേരുടേതും .
കുഗ്രാമത്തിലെ അന്തേ വാസികൾ ആയതു കൊണ്ട് തന്നെ പാചകവും കയറു പിരിയുമല്ലാതെ മറ്റൊരു പണിയും വശമില്ല. എൻ ജി ഓ വഴി അവർക്കാദ്യം നൽകിയത് കമ്മ്യൂണിറ്റി ടൂറിസത്തിനുള്ള ട്രെയിനിങ് ആണ്. ആഥിത്യ മര്യാദ, ഭാഷാ ശുദ്ധി, പാചക ക്ളാസുകൾ, കൗൺസിലിംഗ് തുടങ്ങിയവ നൽകി അവരെ സ്വയം പര്യാപ്തതയിൽ എത്തിച്ചു.
രണ്ടു നൈറ്റി മാത്രം സ്വന്തമായുള്ളവർ ഇവരിൽ ഉണ്ടായിരുന്നു. സാനിറ്ററി നാപ്കിൻ എങ്ങനെ ഉണ്ടാക്കുമെന്ന് ഇവർക്കറിയില്ലായിരുന്നു. സ്വയം ചിരിക്കാൻ മറന്നവർ, സ്നേഹിക്കാൻ മറന്നവർ, ദാരിദ്ര്യവും ദുഖവും രോഗങ്ങളും മാത്രം കണ്ടു വളർന്നവർ. ധൈര്യവും ആത്മ വിശ്വാസവും നൽകി കുറച്ച് സമയമെടുത്തതാണെങ്കിലും അവരെ പുതിയ വ്യക്തികളാക്കി മാറ്റി. അവർ ചിരിക്കാൻ പഠിച്ചു . രുചി ആസ്വദിച്ചു കഴിക്കാൻ പഠിച്ചു . ഭയന്ന് മാറി നിന്നവർ മുന്നിലേക്ക് നടന്നു തുടങ്ങി. ഇന്ന് വളരെ നല്ല രീതിയിൽ മികച്ച ഭക്ഷണം ഉണ്ടാക്കുന്നു . ചെലവിനുള്ള തുക സ്വയം കണ്ടെത്തുന്നു. കുറച്ച് പേരെകൂടെ കൂട്ടാമെന്ന് കരുതിയപ്പോഴാണ് കോവിഡെന്ന മഹാമാരി അന്തകനായി എത്തിയത്.
സുരേഷ് ഗോപി വരും, കാത്തിരിക്കുന്നു
ഞാനെന്നും ഇപ്പോഴും അവരിലൊരാളായി ഇവരുടെ കൂടെ ഉണ്ട്. ആശയങ്ങൾ ഒരുപാടുണ്ടെങ്കിലും പ്രാവർത്തികമാക്കുക ക്ലേശകരമാണ്. ഇന്ന് പെൺകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അമ്മമാർ വരുന്നത് വരെ സുരക്ഷിതമായി കഴിയാൻ അവർക്കൊരു താവളം വേണം. പതുക്കെയാണെങ്കിലും പ്രവർത്തികമാക്കണം.
കോവിഡ് വന്നതോടെ ഭക്ഷണമുണ്ടാക്കി മാത്രം പിടിച്ചു നില്ക്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. സുയധി ടെക്നോളജി നടത്തുന്ന രേവതി മാഡം ഒരു ഓട്ടോറിക്ഷ ഇവർക്കായി നൽകിയിട്ടുണ്ട്. ഓട്ടോ ഓടിക്കാൻ പഠിച്ചാൽ ആ വഴിയും ജീവിതം മുമ്പോട്ട് കൊണ്ട് പോകാം. ഇനിയും ഓട്ടോ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പലരും രക്ഷപ്പെടും. മുമ്പ് ചേട്ടനെ പല തവണ സഹായിച്ച സുരേഷ് ഗോപി സാറിന് വേണ്ടി കാത്തിരിക്കുകയാണ് ഓട്ടോ പരിപാടിയുടെ ഉദ്ഘാടനം നടത്താൻ. സാറിനെ ഉടൻ തന്നെ വിവരങ്ങൾ അറിയിക്കും.
നിർധനരായ ഒരുപാട് സ്ത്രീകൾ ഫീസ് നൽകാൻ പണമില്ലാത്ത കാരണത്താൽ കേസ് നടത്താൻ കഴിയാതെ വിഷമിക്കുന്നുണ്ട്. അവർക്കായി ഇനി എൽ എൽ ബി പഠിക്കണമെന്നാണ് ആഗ്രഹം. പഠിച്ചാൽ അവരെ തീർച്ചയായും സഹായിക്കാൻ കഴിയും. ബുദ്ധനെ ധ്യാനിച്ച് കൊണ്ട് തന്നെ ആ വെളിച്ചത്തിൽ മുമ്പോട്ടുള്ള യാത്ര തുടരും
തയ്യാറാക്കിയത്- ഉമ ആനന്ദ്
എഡിറ്റോറിയല് ചോയ്സ്
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.